എന്റെ സിനിമകളിൽ ലാഗുണ്ടാകും, അങ്ങനെയേ ഞാൻ പടം ചെയ്യൂ; കാരണം വ്യക്തമാക്കി ജീത്തു ജോസഫ്

 മലയാളി സിനിമാപ്രേമികളെ സംബന്ധിച്ച് ഏറെ ആകാംക്ഷ പകര്‍ന്ന ഒരു ചിത്രമായിരുന്നു ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ ദൃശ്യം. അദ്ദേഹത്തിന്റെ തന്നെ മെമ്മറീസ് എന്ന ചിത്രവും പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത നേടിയ ഒന്നായിരുന്നു. എന്നാൽ ദൃശ്യം ഇഷ്ടപ്പെടാത്ത ആളുകളും ഉണ്ടെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ദൃശ്യം ഇഷ്ടപ്പെട്ടില്ലെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. കുഴപ്പമില്ല നല്ല ചിത്രമാണ്. എന്നാൽ എല്ലാവരും ഇത്രയ്ക്ക് സംസാരവിഷയമാക്കേണ്ടതൊന്നും ആ ചിത്രത്തിലില്ലെന്നും അതിനേക്കാൾ മികച്ചത് മെമ്മറീസ് ആണെന്നുമാണ് ചിലർ തന്നോട് പറഞ്ഞിട്ടുള്ളത്. അതിൽ സ്ത്രീകളും ഉണ്ട്. സസ്പെൻസ് ചിത്രങ്ങളാണ് അവർ ഇഷ്ടപ്പെടുന്നതെന്നും ജീത്തു ജോസഫ് വ്യക്തമാക്കുന്നു.

പാപനാശം ചെയ്യുമ്പോൾ സിനിമയുടെ സ്‌പീഡ്‌ കൂടിപ്പോയെന്ന് കമൽഹാസൻ സർ എന്നോട് പറഞ്ഞിരുന്നു. എന്റെ അതെ ചിന്താഗതിയാണ് അദ്ദേഹത്തിനും. സാധാരണ ഒരു സീൻ എഡിറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഡയലോഗിൽ എവിടെയെങ്കിലും ഒരു ഗ്യാപ്പ് വന്നാൽ ഫിലിം മേക്കേഴ്‌സ് അത് ലാഗാണെന്ന് പറഞ്ഞ് കട്ട് ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. ഞാൻ ലാഗ് ഇട്ടാണ് ചിത്രങ്ങൾ ചെയ്യാറുള്ളത്. ദൃശ്യത്തിന്റെ ആദ്യപകുതി കണ്ട് കഴിഞ്ഞപ്പോൾ പലരും ലാഗാകുന്നുണ്ടെന്ന് പറഞ്ഞു. ജോർജ് കുട്ടിയേയും കുടുംബത്തെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തി അവരുടെ മനസ്സിൽ ഇടം നേടിക്കൊടുക്കാനാണ് ആ ലാഗ് അവിടെ കൊണ്ടുവന്നത്. ആ കുടുംബത്തെ സ്നേഹിക്കുന്ന ഒരു അവസ്ഥയിൽ കൊണ്ടുനിർത്തിയിട്ട് പ്രശ്‌നത്തിലേക്ക് കടന്നാലേ കാണുന്നവർക്കും അത് ഫീൽ ചെയ്യാൻ കഴിയുകയുള്ളു. ഇത് തന്നെയാണ് മെമ്മറീസിലും ചെയ്‌തിരിക്കുന്നത്‌. ദൃശ്യത്തിന്റെ ആദ്യപകുതി ഒരു മണിക്കൂറും രണ്ടാം പകുതി ഒരു മണിക്കൂർ 45 മിനിറ്റുമാണുള്ളത്. എന്നാൽ ആദ്യപകുതിയാണ് കൂടുതൽ ഉള്ളതായി പലർക്കും തോന്നിയത്. തെലുങ്കിലും ഹിന്ദിയിലും ഈ ലാഗ് അവർ കുറച്ചിരുന്നു. എന്നാൽ ആ കുടുംബവുമായി ആളുകൾക്ക് ഒരു ബന്ധവും തോന്നിയില്ല. അതുകൊണ്ടുതന്നെ സിനിമയിൽ ലാഗ് ആവശ്യമാണ്. എന്റെ ഇനിയുള്ള സിനിമകളിലും ലാഗ് ഉണ്ടാകും. അങ്ങനെയേ ഞാൻ സിനിമ ചെയ്യുകയുള്ളുവെന്നും ജീത്തു ജോസഫ് പറയുന്നു.

Did you find apk for android? You can find new Free Android Games and apps.

No comments: